സംശയിക്കേണ്ട…! ഇതും റോയല്‍ എന്‍ഫീല്‍ഡ് തന്നെയാണ്

റോയല്‍ എന്‍ഫീല്‍ഡ് കസ്റ്റമൈസ് ചെയ്ത ക്ലാസിക് 500 ഗ്രീന്‍ ഫ്‌ലൈ ഓഫ് റോഡര്‍ മോഡലിനെ പുറത്തിറക്കി. ഫ്യുവല്‍ ടാങ്കിലുള്ള കമ്പനി ബാഡ്‌ജൊഴികെ പതിവ് എന്‍ഫീല്‍ഡ് ബൈക്കുകളുമായി യാതൊരു രൂപ സാദൃശ്യവുമില്ലാത്തൊരു ബൈക്കാണിത്. കാഴ്ചയില്‍ തന്നെ കരുത്തനാണെന്ന് തോന്നിക്കുന്ന ഈ ബൈക്കിനെ അടുത്തമാസം മാഡ്രിഡ് ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.

റോയല്‍ എന്‍ഫീല്‍ഡ് എന്ന പേരിലാണ് പുറത്തിറങ്ങിയതെങ്കിലും പ്രശസ്ത ഡിസൈനര്‍ ജീസസ് ഡി ജുവാന്‍ ആണ് ക്ലാസിക്ക് 500 ഓഫ്‌റോഡര്‍ എന്ന ബൈക്കിന് ഈ രൂപംനല്‍കിയത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 അടിസ്ഥാനപ്പെടുത്തിയാണ് രൂപകല്പനയെങ്കിലും കോണ്‍ടിനെന്റല്‍ ജിടിയുടെ ബോഡി ഫ്രെയിമാണ് ഈ കസ്റ്റം മോഡലിന് നല്‍കിയിട്ടുള്ളത്. ബ്ലാക്ക് ഗ്രാഫിക്‌സുള്ള ഗ്രീന്‍ നിറത്തിലുള്ള ഫ്യുവല്‍ ടാങ്ക്, വെര്‍ട്ടിക്കല്‍ ഡ്യുവല്‍ പ്രോജക്ടര്‍ ഹെഡ്‌ലാമ്പ്, സിംഗിള്‍ സീറ്റ്, ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബര്‍, സിംഗിള്‍ മോണോഷോക്ക് എന്നീ പ്രത്യേകതകളോടെയാണ് ഈ ബൈക്കിന്റെ രൂപകല്പന.

ഓഫ് റോഡിംഗിന് ഇണങ്ങിയ തരത്തിലുള്ള അലോയ് വീലാണ് ഈ ബൈക്കിന്റെ മറ്റൊരു മുഖ്യാകര്‍ഷണം. ചില്ലറ മിനുക്കുപണികള്‍ നടത്തിയിട്ടുണ്ടെങ്കിലും ക്ലാസിക് 500നെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ ഈ ബൈക്കിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമൊന്നുമില്ല. 27.2ബിഎച്ച്പിയും 41.3എന്‍എം ടോര്‍ക്കുമുള്ള 499 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന്റെ കരുത്ത്. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കാന്‍ 5 സ്പീഡ് ട്രാന്‍സ്മിഷനും എന്‍ജിനോട് ചേര്‍ത്തിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് കസ്റ്റം ചെയ്‌തൊരു ക്ലാസിക് 500നെ പുറത്തിറക്കിയെങ്കിലും നിരത്തിലിറക്കാനുള്ള നിയമപരമായ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

SHARE