ടോം ജോസഫിനെ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി

തിരുവനന്തപുരം : തന്നെ അപമാനിച്ച അസോസിയേഷനെതിരെ വോളിബോള്‍ താരം ടോം ജോസഫ് കായികവകുപ്പ് മന്ത്രി എ സി മൊയ്തീന് പരാതി നല്‍കി. താരത്തിന്റെ പരാതിയില്‍ സമഗ്രഅന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒരു കായികതാരത്തെ അപമാനിച്ചത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. വ്യക്തി താല്‍പര്യങ്ങള്‍ക്ക് അസോസിയേഷനെ ഉപയോഗിക്കാന്‍ അനുവദിക്കില്ല. വിവാദങ്ങളെക്കുറിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അന്വേഷിക്കും. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ അസോസിയേഷനെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞദിവസം ടോം ജോസഫ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് വോളിബോള്‍ അസോസിയേഷന്‍ താരത്തിനെതിരെ രംഗത്തുവന്നത്. 2014ല്‍ അര്‍ജുന അവാര്‍ഡ് ലഭിച്ചതിനെക്കുറിച്ചും കേരള ടീമിന്റെ തെരഞ്ഞെടുപ്പിലെ അപാകതയെക്കുറിച്ചും ടോം ജോസഫ് സ്റ്റാറ്റസില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം ഫെയ്‌സ്ബുക്കിലൂടെയുളള വിമര്‍ശനത്തിന് ടോം ജോസഫിന് ശക്തമായ മറുപടി അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കി.കൂടാതെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് ടോമില്‍ നിന്നുണ്ടായത്. കേരളത്തില്‍ ദേശീയ ഗെയിംസ് നടന്നപ്പോള്‍ ടോമിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് നമുക്ക് മെഡല്‍ നഷ്ടമാകാന്‍ കാരണമായതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചിരുന്നു. ടോം വിരമിക്കണമെന്ന് അസോസിയേഷന് ആഗ്രഹമില്ല. എന്നാല്‍ ശാരീരിക ക്ഷമതയില്ലാത്ത കളിക്കാരെ വച്ചു പൊറുപ്പിക്കാന്‍ കഴിയില്ല. ടോമിന് അര്‍ജുന അവാര്‍ഡ് ലഭ്യമാക്കാന്‍ അസോസിയേഷന്‍ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ലെന്നും ഭാരവാഹികള്‍ പറഞ്ഞിരുന്നു.

എന്നാല്‍, താന്‍ ആര്‍ക്കും വിശദീകരണം നല്‍കാന്‍ തയ്യാറല്ലെന്നായിരുന്നു കാരണം കാണിക്കല്‍ നോട്ടീസിനോടുള്ള ടോം ജോസഫിന്റെ പ്രതികരണം. താന്‍ മറ്റുള്ളവരുടെ കാല്‍ നക്കിയാണ് അവാര്‍ഡ് നേടിയതെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന് നാലകത്ത് ബഷീര്‍ ആദ്യം വിശദീകരണം തരണം. എന്നിട്ടാകാം ബാക്കി തീരുമാനങ്ങളെന്നും ടോം ജോസഫ് പറഞ്ഞു. ബഷീര്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിനോടാണ് താന്‍ പ്രതികരിച്ചത്, അതുകൊണ്ട് വിശദീകരിക്കേണ്ടത് ബഷീറാണെന്നും ടോം ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ടോം ജോസഫ് മുഖ്യമന്ത്രിക്കും സ്‌പോട്‌സ് കൗണ്‍സില്‍ സെക്രട്ടറിക്കും പരാതി നല്‍കിയത്. അസോ. സെക്രട്ടറി നാലകത്ത് ബഷീറിനെതിരായ അഴിമതി ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ടോം ജോസഫ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

SHARE