ടോറന്റ് വെബ്‌സൈറ്റുകള്‍ക്ക് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തില്ല; നിലപാട് വ്യക്തമാക്കി ഗൂഗിള്‍

കാലിഫോര്‍ണിയ: ടോറന്റ് വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിള്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്‍ര്‍നെറ്റിലെ കോപ്പിയടി തടയുന്നതിനായി ടോറന്റ് വെബ്‌സൈറ്റുകള്‍ക്ക് ഗൂഗിള്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അമേരിക്കയില്‍ ഗൂഗിളും വിനോദ കമ്പനികളും തമ്മില്‍ നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ഇത്തരമൊരു തീരുമാനമെടുന്നതെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടോറന്റ് വെബ്ൈസെറ്റുകള്‍ക്ക് നിയന്ത്രണം എര്‍പ്പെടുത്താന്‍ മാത്രമേ ഉദ്ദേശിക്കുന്നുള്ളുവെന്നും സമ്പൂര്‍ണ്ണ നിരോധനം അജണ്ടയിലില്ലെന്നും ഗൂഗിളിനെ ഉദ്ധരിച്ച് ടെകനോളജി വാര്‍ത്ത വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിനിമയും സംഗീതവും വന്‍തോതില്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ടോറന്റ് വെബ്ൈസെറ്റുകള്‍ വഴിയാണ്. ഇത് എന്റര്‍ടെയിന്‍മെന്റ് കമ്പനികള്‍ക്ക് നഷ്ടത്തിന് കാരണമാവുന്നതായി പരാതികളുയര്‍ന്നിരുന്നു. ഇയൊരു സാഹചര്യത്തിലാണ് ഗൂഗിളും ലോകത്തിലെ മുന്‍നിര എന്റര്‍ടെയിന്‍മെന്റ് കമ്പനികളും ചേര്‍ന്ന് ഓണ്‍ലൈന്‍ ലോകത്തെ കോപ്പിയടി തടയുന്നതിനായി ഇത്തരമൊരു ചര്‍ച്ച സംഘടപ്പിച്ചത്.

ടോറന്റ് വെബ്‌സൈറ്റുകള്‍ക്ക് സമ്പൂര്‍ണ്ണ നിയന്ത്രണം കൊണ്ടുവരിക എന്നത് ഗൂഗിളിനെ സംബന്ധിച്ച് പൂര്‍ണ്ണമായും പ്രായോഗികമായ ഒന്നല്ല. ലക്ഷകണക്കിന് ടോറന്റ് വെബ്‌സൈറ്റുകളാണ് നിലവിലുള്ളത്. ഇവയെ മുഴുവന്‍ നിരോധിക്കാന്‍ പെട്ടെന്ന് ഗൂഗിളിന് സാധിക്കുകയുമില്ല. പരമാവധി നിയന്ത്രണം കൊണ്ടുവരികയാണ് എക വഴി. ഇതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ഗൂഗിള്‍ നടത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സെര്‍ച്ച് റിസള്‍ട്ടുകളില്‍ ടോറന്റ് വെബ്‌സൈറ്റുകളെ പരമാവധി താഴെ കൊണ്ടുവരാനുള്ള ശ്രമമാവും ഗൂഗിള്‍ നടത്തുക എന്നാണ് അറിയുന്നത്.

കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റിലെ പകര്‍പ്പവാകാശ ലംഘനങ്ങളെ കുറിച്ച് ഗൂഗിള്‍ ഒരു റിപ്പോര്‍ട്ട് പ്രസദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന കാരണമാവുന്ന ടോറന്റ് വെബ്‌സൈറ്റുകള്‍ക്കെതിരായ നടപടിയുമായി ലോകത്തിലെ പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ രംഗത്തെത്തിയത്.

SHARE