പിണറായിയെ പോലും ഞെട്ടിച്ച് ലക്ഷ്മി നായര്‍

തിരുവനന്തപുരം: വന്‍ പ്രതിഷേധമുണ്ടായിട്ടും പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ രാജിവച്ചില്ലെങ്കില്‍ ലോ അക്കാഡമി സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. അക്കാഡമിയെ പുനഃസംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഈ ഭീഷണിക്ക് ശേഷമാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് അവധിയെടുക്കാന്‍ ലക്ഷ്മി നായര്‍ തീരുമാനിച്ചത്. അതിനപ്പുറം ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് ലക്ഷ്മി നായര്‍ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഭൂമി സര്‍ക്കാര്‍ നല്‍കിയപ്പോള്‍ മുഖ്യമന്ത്രിയേയും ചീഫ് ജസ്റ്റിസിനെയും ഉള്‍പ്പെടുത്തി രൂപീകരിച്ച ട്രസ്റ്റ് പിന്നീടു കുടുംബാംഗങ്ങള്‍ മാത്രമുള്ള സ്വകാര്യ ട്രസ്റ്റായി മാറിയത് എങ്ങനെയാണെന്ന അന്വേഷണവും ഉടനുണ്ടാകുമെന്നു സൂചന. അതിനുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങി കഴിഞ്ഞു.
ഇടതുപക്ഷ സ്വഭാവമുള്ള കുടുംബമാണ് നാരയണന്‍നായരുടേത്. അനുജന്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ സിപിഎമ്മിന്റെ സമുന്നത നേതാവും. മുഖ്യമന്ത്രിയുടെ പിണറായിയുടെ അതിവിശ്വസ്തനായ കൃഷ്ണന്‍ നായരെ കൊണ്ട് പ്രശ്‌ന പരിഹാരമാണ് സിപിഐ(എം) ലക്ഷ്യമിട്ടത്. എന്നാല്‍ കോലിയക്കോട് പറഞ്ഞിട്ടും ലക്ഷ്മി നായര്‍ അനുസരിക്കുന്നില്ല. തന്നെ മാറ്റിയുള്ള ഒത്തുതീര്‍പ്പ് വേണ്ടെന്നാണ് പ്രിന്‍സിപ്പളിന്റെ നിലപാട്. ഇത് കോലിയക്കോട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ജാതി പറഞ്ഞുള്ള പീഡനത്തില്‍ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്ന ഭീഷണിപോലും ലക്ഷ്മി നായരെ ഭയപ്പെടുത്തുന്നില്ല. എന്തുവന്നാലും താന്‍ നേരിട്ടോളാമെന്നാണ് അവരുടെ പക്ഷം. ഇതോടെയാണ് ലക്ഷ്മി നായരെ പ്രിന്‍സിപ്പള്‍ സ്ഥാനത്ത് നിന്ന് മാറ്റിയുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല പൊളിഞ്ഞത്.
ഇനി ഡയറക്ടര്‍ ബോര്‍ഡ് കൂടി ലക്ഷ്മി നായരെ പുറത്താക്കുകയാണ് ഏക മാര്‍ഗം. അതിലേക്ക് കാര്യങ്ങളെത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്ന് നാരായണന്‍ നായരെ അറിയിച്ചിട്ടുണ്ട്. ഭൂമി കൈയേറ്റത്തിനെതിരെ വി എസ് അച്യുതാനന്ദന്‍ കൊടുത്ത പരാതിയിലും നടപടിയുണ്ടാകും. അതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒത്തുതീര്‍പ്പിന് വഴങ്ങാതെ സര്‍ക്കാരിനെ നാണം കെടുത്താന്‍ കച്ചകെട്ടിയിറങ്ങുന്നവര്‍ തന്നെ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നതാണ് സിപിഐ(എം) നിലപാട്. പാര്‍ട്ടിക്കൊപ്പമാണ് താനെന്ന് കോലിയക്കോട് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോ അക്കാദമയുടെ ചരിത്രം സര്‍ക്കാര്‍ പരിശോധിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്‌പെഷ്യല്‍ പ്രവൈറ്റ് സെക്രട്ടറിയും നാരായണന്‍ നായരുടെ സഹോദരീ പുത്രനുമായ ജയകുമാറും ഒത്തുതീര്‍പ്പിന് ശ്രമിച്ച് പരാജിതനായ അവസ്ഥയിലാണ്.
1968ല്‍ ഇ.എം.എസ്. സര്‍ക്കാരാണു പാര്‍ട്ട് ടൈം നിയമബിരുദ കോഴ്‌സ് നടത്താന്‍ ലോ അക്കാദമിക്കു പേരൂര്‍ക്കടയില്‍ 11.49 ഏക്കര്‍ പാട്ടത്തിനു നല്‍കിയത്. മുഖ്യമന്ത്രി, ഗവര്‍ണര്‍, ചീഫ് ജസ്റ്റിസ് എന്നിവര്‍ രക്ഷാധികാരികളും വിദ്യാഭ്യാസ, നിയമ, കൃഷി, റവന്യൂ മന്ത്രിമാര്‍ അധ്യക്ഷന്മാരും വിദ്യാഭ്യാസ, നിയമ, സെക്രട്ടറിമാരും കേരള സര്‍വകലാശാല ലോ വിഭാഗം ഡീന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളും മൂന്നു ഹൈക്കോടതി ജഡ്ജിമാരും മുതിര്‍ന്ന അഭിഭാഷകരും അംഗങ്ങളുമായ ഭരണസമിതിയാണ് അന്നു രൂപീകരിച്ചത്. ഇപ്പോഴത്തെ ഡയറക്ടര്‍ എന്‍. നാരായണന്‍നായരും അതില്‍ അംഗമായിരുന്നു. പിന്നീട് 1983ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ പാട്ടഭൂമി അക്കാദമിക്കു പതിച്ചുനല്‍കി.
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാരിനെയോ കേരള സര്‍വകലാശാലയെയോ അറിയിക്കാതെ അക്കാദമി ട്രസ്റ്റ് പുനഃസംഘടിപ്പിച്ചു. അധ്യക്ഷനായി മുതിര്‍ന്ന ബിജെപി. നേതാവ് അയ്യപ്പന്‍പിള്ളയും ഡയറക്ടറായി എന്‍. നാരായണന്‍നായരും അംഗങ്ങളായി അദ്ദേഹത്തിന്റെ സഹോദരന്‍ കോലിയക്കോട് കൃഷ്ണന്‍നായരും മകന്‍ നാഗരാജ് നാരായണന്‍, മകള്‍ ലക്ഷ്മിനായര്‍, മരുമകന്‍ അജയകൃഷ്ണന്‍, സഹോദരീപുത്രനും മുഖ്യമന്ത്രിയുടെ പഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ എന്‍.കെ. അജയകൃഷ്ണന്‍, കേരള സര്‍വകലാശാല സ്റ്റാന്‍ഡിങ് കൗണ്‍സല്‍ തോമസ് എബ്രഹാം എന്നിവരുമാണ് ഇപ്പോള്‍ ട്രസ്റ്റിലുള്ളത്.
പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു ലക്ഷ്മിനായര്‍ മാറിയില്ലെങ്കില്‍ പഴയരീതിയില്‍ ട്രസ്റ്റ് പുനഃസംഘടിപ്പിക്കാനാണ് നീക്കം. ഇതിനുള്ള നടപടികള്‍ തുടങ്ങാന്‍ വിദ്യാഭ്യാസ മന്ത്രിക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ പ്രായത്തില്‍ വേറെ ജോലിയൊന്നും അറിയില്ല; സ്ഥാനമുറപ്പിക്കാന്‍ ഇനി നിയമത്തിന്റെ വഴിയെന്ന് ലക്ഷ്മി നായര്‍

SHARE