ചര്‍ച്ച പരാജയം: രാജിവയ്ക്കില്ല, തല്‍ക്കാലം മാറി നില്‍ക്കാമെന്ന് ലക്ഷ്മി നായര്‍

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിലെ പ്രശ്‌നത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ഥി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല. പ്രിന്‍സിപ്പല്‍ സ്ഥാനം രാജിവയ്ക്കില്ലെന്ന നിലപാടില്‍ ലക്ഷ്മി നായരും രാജിവെക്കുകയെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികളും ഉറച്ചുനിന്നതോടെയാണ് ചര്‍ച്ച അലസിയത്.
ലക്ഷ്മി നായര്‍ രാജിവയ്ക്കണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിച്ചില്ല. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലീവെടുത്ത് ഈ വര്‍ഷത്തേയ്ക്ക് മാറിനില്‍ക്കാമെന്നും എന്നാല്‍ അധ്യാപികയായി തുടരാമെന്നുമാണ് ചര്‍ച്ചയില്‍ ലക്ഷ്മി നായര്‍ അറിയിച്ചത്.
പ്രിന്‍സിപ്പല്‍ രാജിവെക്കാതെ സമരം പിന്‍വലിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്‍മാറാതെ വിദ്യാര്‍ഥികളും ഉറച്ചുനിന്നതോടെ ഒരു ഘട്ടത്തില്‍ ചര്‍ച്ച അലസുകയും വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ വിദ്യാര്‍ഥി പ്രതിനിധികളെ തിരിച്ചുവിളിച്ച് ചര്‍ച്ച തുടരുകയായിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ മാനേജ്‌മെന്റ് എഴുതിവാങ്ങുകയും ചെയ്തു.
ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ മാനേജ്‌മെന്റും അയഞ്ഞിരുന്നു. ലക്ഷ്മി നായരെ മാറ്റുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കോളേജ് ഡയറക്ടര്‍ നാരായണന്‍ നായരും പറഞ്ഞിരുന്നു.
അതിനിടെ ലോ അക്കാദമിക്ക് മുന്നിലെ സമരപ്പന്തലുകള്‍ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കോളേജിലേക്കുള്ള സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

SHARE