അടിയൊഴുക്കുകള്‍ നിര്‍ണായകം; ചാലക്കുടി പിടിക്കുമെന്ന വിശ്വാസത്തോടെ ബിജെപി; ട്വന്റി 20 വോട്ടുകളും മറിയുമെന്ന് വിലയിരുത്തല്‍; ആശങ്കയോടെ ഇടത് -വലത് മുന്നണികള്‍

ചാലക്കുടി: കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കനത്ത പോരാട്ടമാണ് ഇത്തവണ ചാലക്കുടി മണ്ഡലത്തില്‍ നടക്കുന്നത്. സിറ്റിങ് എം.പിയും നടനുമായ ഇന്നസെന്റ് ഇടതു സ്ഥാനാര്‍ത്ഥിയായും, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും മത്സര രംഗത്ത് എത്തിയതോടെ ചാലക്കുടിയില്‍ ത്രികോണ മത്സരം തന്നെയാണ് നടക്കുന്നത്. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്ന മണ്ഡലത്തില്‍ കഴിഞ്ഞതവണ ഇന്നസെന്റ് നേടിയത് അട്ടിമറി ജയമായിരുന്നു.
എന്നാല്‍ ഇത്തവണ കഥമാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ കാരണം ബിജെപി എ.എന്‍. രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കിയതോടെ ചാലക്കുടിയിലെ ചിത്രം മാറിമറിഞ്ഞു എന്നതില്‍ സംശയമില്ല.

എന്നാല്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും പാര്‍ട്ടി ചിഹ്നത്തിലുള്ള മത്സരവും ഇത്തവണ ജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. എന്നാല്‍ പരമ്പരാഗതമായുള്ള വോട്ടുകള്‍ ഇത്തവണ വിജയമൊരുക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. എന്നാല്‍ വികസനപ്രവര്‍ത്തനങ്ങളും ശബരിമല വിഷയവും കൊലപാതക രാഷ്ട്രീയവുമൊക്കെ സജീവ തെരഞ്ഞെടുപ്പ് വിഷയമാകുന്ന ചാലക്കുടിയില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രചാരണത്തിനിടെ ചര്‍ച്ചയാകും. ഇത് എന്‍ഡിഎയ്ക്ക് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് എ.എന്‍ രാധാകൃഷ്ണന്‍.

കൂടാതെ മത്സരിക്കാനൊരുങ്ങിയ ഡിജിപി ജേക്കബ് തോമസിന്റെ പിന്മാറ്റത്തോടെ ട്വന്റി20 മത്സരത്തില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ജയസാധ്യത മുന്നില്‍ കണ്ട് ഇടതു വലത് സ്ഥാനാര്‍ത്ഥികള്‍ പോര് ശക്തമാക്കുകയും ചെയ്തു. ഇതോടെ ട്വന്റി20ക്ക് ശക്തമായ സ്വാധീനമുള്ള സ്ഥലങ്ങളില്‍ എഎന്‍ആറിന് വോട്ട് മറിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

2014ലെ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ 4.78 ശതമാനം കൂടുതല്‍ വോട്ട് നേടി മിന്നും പ്രകടനമായിരുന്നു ബിജെപിയുടേത്. കടുത്ത ത്രികോണ മത്സരത്തില്‍ 2009നേക്കാള്‍ കൂടുതല്‍ വോട്ടുകളോടെ ശ്രദ്ധേയ നേട്ടം കൈവരിക്കാനും കരുത്ത് തെളിയിക്കാനും ബിജെപിക്ക് സാധിച്ചു. അതുകൊണ്ടുതന്നെ ഇത്തവണ ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി 54കാരനായ എ.എന്‍. രാധാകൃഷ്ണനെ ബിജെപി തെരഞ്ഞെടുപ്പ് ഗോദായിലിറക്കുന്നത് ഏറെ ആത്മവിശ്വാസത്തോടെയാണ്.

അതിനിടെ എ. എന്‍. രാധാകൃഷ്ണന്റെ പ്രചാരണാര്‍ഥം നിരത്തില്‍ സജീവമായ ‘നമോ’കാര്‍ ശ്രദ്ധേയമാകുന്നു. വിവിധകേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്ന പ്രത്യേകമൊരുക്കിയ ഈ പ്രചാരണ വാഹനം ലോക്സഭാ മണ്ഡലത്തില്‍ എല്ലായിടത്തുമെത്തും.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ വിവരിക്കുകയും അവയെപ്പറ്റി വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്ന കാറിലൂടെ ലഘു ലേഖകള്‍ വിതരണം ചെയ്യുന്നുമുണ്ട്. മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ, സ്ഥാനാര്‍ഥി എ. എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ ചിത്രങ്ങളും പാര്‍ട്ടി ചിഹ്നമായ താമരയും പതിച്ച നാനോ കാറാണ് ‘നമോ’ വാഹനമായി ഒരൊറ്റ ഊടുവഴികളും വിട്ടുപോകാതെ മണ്ഡലത്തില്‍ പ്രയാണം നടത്തുന്നത്.

രാഷ്ട്രീയ മേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പരിചയമുള്ള ജനകീയ നേതാവാണ് എഎന്‍ആര്‍. ബിജെപിയുടെ സമരമുഖങ്ങളില്‍ എല്ലായ്പോഴും ശ്രദ്ധേയ സാന്നിധ്യം. ശബരിമലയെ തകര്‍ക്കുന്നതിനെതിരെ ബിജെപി സംഘടിപ്പിച്ച എറണാകുളം മേഖലാ പരിവര്‍ത്തന യാത്ര നയിച്ചത് എ.എന്‍.രാധാകൃഷ്ണനായിരുന്നു. ആചാര സംരക്ഷണത്തിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ ബിജെപി നടത്തിയ നിരാഹാര സമരത്തിലും അദ്ദേഹത്തിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമായി. തുടര്‍ച്ചയായി 10 ദിവസത്തോളം നിരാഹാരമനുഷ്ഠിച്ച എഎന്‍ആറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

2019ലെ ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന ഭാരത് കാ മന്‍കീ ബാത്ത് കാമ്പയിനില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമായി കൊച്ചിയിലെ പൗരപ്രമുഖരെ സന്ദര്‍ശിച്ച് എഎന്‍ആറിന്റെ നേതൃത്വത്തില്‍ സംവാദം നടത്തി.

ഇതിനുപുറമെ ബെന്നി ബഹനാനെതിരെ പ്രതിഷേധ മാര്‍ച്ചിന് ഒരുങ്ങുന്ന ട്വന്റി20യുടെ നിലപാടും എഎന്‍ രാധാകൃഷ്ണന് നേട്ടമാകുമെന്നാണ് വിലയിരുത്തല്‍. ഈ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ട്വന്റി20 മത്സരിക്കുമെന്ന് അറിഞ്ഞതോടെ ബെന്നി ബഹ്‌നാന്‍ നിരവധി വേദികളില്‍ ഇവരെ പരിഹസിച്ചിരുന്നു.

വന്‍സ്വീകരണമാണ് എ.എന്‍. രാധാകൃഷ്ണന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നതും എതിര്‍ സ്ഥാനാര്‍ഥികളെ അസ്വസ്ഥമാക്കുന്നു. പ്രചരണ യോഗങ്ങളിലെല്ലാം വീട്ടമ്മമാരും കുട്ടികളും പൂച്ചെണ്ടുകള്‍ നല്‍കിയും ഷാള്‍ അണിയിച്ചുമാണ് എഎന്‍ആറിനെ സ്വീകരിക്കുന്നത്. വയോധികര്‍ കാര്‍ഷികോത്പന്നങ്ങളും പഴവര്‍ഗ്ഗങ്ങളുമായെത്തിയും പാട്ടുകള്‍ പാടിയുമാണ്് എ.എന്‍. രാധാകൃഷ്ണനെ വരവേറ്റത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന വഴിയുടെ ഇരുവശങ്ങളിലും ആശംസയറിയിക്കാന്‍ കടുത്ത ചൂടിനെ അവഗണിച്ചും നിരവധിപേരാണ് നിലയുറപ്പിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7