കെ.എം.മാണിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു: സംസ്‌കാരം നാളെ മൂന്നിന്

കോട്ടയം: അന്തരിച്ച കേരളരാഷ്ട്രീയത്തിലെ അതികായന്‍ കെ.എം മാണിയുടെ (86) ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര ആരംഭിച്ചു. കൊച്ചിയിലെ ആശുപത്രിയില്‍നിന്ന് ആരംഭിച്ചത്. ഉച്ചയ്ക്ക് കോട്ടയത്തു കേരള കോണ്‍ഗ്രസ് സംസ്ഥാന ഓഫിസിലും തിരുനക്കര മൈതാനത്തും ഉച്ചതിരിഞ്ഞ് പാലാ ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം നാളെ ഉച്ചയ്ക്ക് മൂന്നിന്. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനേത്തുടര്‍ന്ന് വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാണി ചൊവ്വാഴ്ച വൈകിട്ട് 4.57നാണ് അന്തരിച്ചത്.
പാലാ എന്ന ഒരേ മണ്ഡലത്തില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ ജയിച്ച എംഎല്‍എ (13), ഏറ്റവും കൂടുതല്‍ കാലം മന്ത്രിസ്ഥാനം വഹിച്ച എംഎല്‍എ (24 വര്‍ഷം), ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗം (12), കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി (13 തവണ), ഏറ്റവും കൂടുതല്‍ കാലം ധന വകുപ്പും (11 വര്‍ഷം 8 മാസം) നിയമ വകുപ്പും (21 വര്‍ഷം 2 മാസം) കൈകാര്യം ചെയ്ത മന്ത്രി തുടങ്ങിയവ കെ.എം മാണി സൃഷ്ടിച്ച റെക്കോര്‍ഡുകളാണ്.

പാലാ നിയമസഭാ മണ്ഡലത്തെ 54 വര്‍ഷം പ്രതിനിധീകരിച്ച എം.എല്‍.എ എന്ന നിലയില്‍ രാഷ്ട്രീയ ചരിത്രത്തില്‍ റെക്കോര്‍ഡിട്ട നേതാവാണ് കെ.എം മാണി. കോണ്‍ഗ്രസിലൂടെയാണ് കരിങ്ങോഴക്കല്‍ മാണി മാണി രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 1960 മുതല്‍ 1964 വരെ കോട്ടയം ഡി.സി.സി. സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് 1975ല്‍ സപ്തകക്ഷി മുന്നണിയുടെ ഭാഗമായി ആദ്യമായി മന്ത്രിയായി. 1980ല്‍ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രി. 13 തവണ ബജറ്റ് അവതരിപ്പിച്ച രാജ്യത്തെ ഏക ധനമന്ത്രിയും മാണിയാണ്. സംസ്ഥാനത്ത് ഏഴുതവണയായി 24 വര്‍ഷം മന്ത്രിയായതുള്‍പ്പെടെ രാഷ്ട്രീയ രംഗത്തെ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് പാലായുടെ സ്വന്തം മാണിസാര്‍.

12.30ന് കേരള കോണ്‍ഗ്രസ് പിറന്ന തിരുനക്കര മൈതാനത്ത് മൃതദേഹം എത്തിക്കും. അവിടെനിന്ന് രണ്ടുമണിക്ക് കളക്ടറേറ്റ്മണര്‍കാട്, അയര്‍കുന്നം കിടങ്ങൂര്‍കടപ്ലാമറ്റം വഴി ജന്‍മദേശമായ മരങ്ങാട്ടുപിള്ളിയിലേക്ക് വിലാപയാത്ര നീങ്ങും. വൈകീട്ട് 3.30 വരെ പൊതുദര്‍ശനം.

തുടര്‍ന്ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടുപോകും. അവിടെ നാലരവരെ പൊതുദര്‍ശനത്തിശേഷം ആറുമണിയോെട പാലായിലെ വീട്ടിലേക്ക് എത്തിക്കും. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് വീട്ടിലെ ശവസംസ്‌കാര ശുശ്രൂഷ തുടങ്ങും.
നാലിന് പാലാ സെയ്ന്റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് ശവസംസ്‌കാരം.

മാണിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7