ചെന്നൈ: പുറത്താക്കിയ തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ എം.കെ.സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് സഹോദരന്‍ എം.കെ.അഴഗിരി. ‘എനിക്ക് ഡിഎംകെയില്‍ വീണ്ടും ചേരാന്‍ സ്റ്റാലിന്റെ നേതൃത്വം അംഗീകരിക്കാതെ മറ്റ് വഴികളില്ല’, അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യാതൊരു ഉപാധിയും കൂടാതെ അച്ഛന്‍ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറാണെന്ന് മകന്‍ ദയാനിധി ഇന്നലെ വ്യക്തമാക്കിയതിന് പിന്നാലെയാണ് അഴഗിരിയുടെ പ്രസ്താവന. ‘
കരുണാനിധി അദ്ധ്യക്ഷനായിരിക്കെ 2014ലാണ് അഴഗിരിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്റ്റാലിനെ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തിരുന്നു. കരുണാനിധി മരിച്ചതിന് പിന്നാലെ പാര്‍ട്ടിയിലേക്ക് തിരികെ എത്താന്‍ അഴഗിരി ശ്രമം നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സ്റ്റാലിന്റെ നേതൃത്വം ചോദ്യം ചെയ്ത് അദ്ദേഹം രംഗത്തെത്തിയത്.
‘ജനറല്‍ ബോഡി മാത്രമല്ല പാര്‍ട്ടിയെന്ന് ഡിഎംകെ മനസ്സിലാക്കണം. അന്തരിച്ച ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലമായ മറീന ബീച്ചിലേക്ക് സെപ്റ്റംബര്‍ അഞ്ചിന് നടത്തുന്ന സമാധാന റാലിയുടെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും അഴഗിരി പറഞ്ഞു. ഇനിയും പുറത്ത് തുടരുന്നത് അപ്രസക്തമാവാനേ സഹായിക്കൂ എന്ന് തിരിച്ചറിഞ്ഞാണ് അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരികെ എത്താന്‍ സ്റ്റാലിന്റെ നേതൃത്വം അംഗീകരിക്കുന്നതെന്നാണ് വിശകലനം.