തൂത്തുക്കുടി: മലിനീകരണമുണ്ടാക്കുന്ന സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ട് തൂത്തുക്കുടിയില്‍ നടക്കുന്ന സമരത്തിനുനേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റുകള്‍ക്കെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരമാണ് അക്രമാസക്തമായത്. സമരക്കാര്‍ ഒരു പൊലിസ് വാഹനവും നിരവധി സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. പൊലിസുകാര്‍ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തത്.
2000 ലേറെ പൊലിസുകാരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അക്രമം നിയന്ത്രണാതീതമായതോടെ സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിന്റെ രണ്ടാംഘട്ട വികസനം അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. പ്ലാന്റ് പ്രവര്‍ത്തനം മേഖലയിലെ പാരിസ്ഥിതികാവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നുവെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.